ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും; രണ്ട്​ ഭാഗമായി എൽ.ഡി.എഫ്​ പ്രകടന പത്രിക

'ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍'.  പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ് ചെലവഴിക്കുക. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുമെന്നതായിരിക്കും സര്‍ക്കാരെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പറഞ്ഞു.

രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത്​ 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന്​ 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാർക്ക്​ പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.

വിദ്യാസമ്പന്നരായ യുവതലമുറക്ക്​ തൊഴിൽ നൽകുന്നതിനാണ്​ മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും, വീട്ടമ്മമാർക്ക്​ പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു. പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു​.

മൂല്യവർധിത വ്യവസായങ്ങൾ സൃഷ്​ടിക്കും, സൂക്ഷ്​മ-ഇടത്തരം-ചെറുകിട മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്നും മൂന്നുലക്ഷമാക്കി ഉയർത്തുമെന്നും എ.വിജയരാഘവൻ പറഞ്ഞു.

പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്​കീം നടപ്പാക്കും. 6000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്​തത, റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്​, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം,10,000 കോടിയുടെ ട്രാൻസ്​ഗിൽഡ്​ പദ്ധതി,

സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്​ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടും, ഓ​ട്ടോ-ടാക്​സി തൊഴിലാളികൾക്ക്​ പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാടെടുക്കും​, കടലാ​ക്രമണ ഭീഷണി മറിക്കടക്കാൻ പദ്ധതികൾ തുടങ്ങിയവയും എൽ.ഡി.എഫ്​ പ്രകടന പത്രികയിലുണ്ട്.

19-Mar-2021