സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനുകൾ ശനിയാഴ്ച മുതൽ വിതരണം ചെയ്യും
അഡ്മിൻ
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനുകൾ ശനിയാഴ്ച മുതൽ വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവർക്ക് മാർച്ചിലെ തുക വ്യാഴാഴ്ച മുതൽ അക്കൗണ്ടിലെത്തും. ഇതിനു പിന്നാലെ ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങൾ വഴി വാങ്ങുന്നവർക്ക് ശനിയാഴ്ച മുതൽ ലഭിച്ചു തുടങ്ങും.
വിഷു ,ഈസ്റ്റർ പ്രമാണിച്ച് മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600 ഉം ചേർത്ത് 3100 രൂപയാണ് ലഭിക്കുക. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. വിതരണം പൂർത്തിയാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും.മാര്‍ച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്. ഇതില്‍ 1399.34 കോടി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 196.87 കോടി ക്ഷേമനിധി ബോര്‍ഡുകള്‍ക്കുമാണ് നല്‍കുക.
സംസ്ഥാനത്ത് 49,41,327 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരും 11,06,351 ക്ഷേമനിധി പെന്‍ഷന്‍കാരുമുണ്ട്. ഈ നടപടി സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.