തൃപ്പൂണിത്തുറയില്‍ എ. ബി സാബുവിനെ പുറത്താക്കണമെന്ന് യു.ഡി.എഫ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രതിസന്ധി ഒഴിയുന്നില്ല. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച കെ.പി.സി.സി അംഗം എ. ബി സാബുവിനെ പുറത്താക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഗുണം ബി.ജെ.പിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഒഴുകുകയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു എ.ബി സാബു ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഏകകണ്‌ഠേന പ്രമേയം പാസാക്കി.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ. ബാബു ബി.ജെ.പിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എ.ബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു.

09-Apr-2021