ഇടതുമുന്നണി അധികാരത്തില്‍ വരും; വോട്ടുകച്ചവടങ്ങൾ ഫലം കാണില്ല: കോടിയേരി
അഡ്മിൻ
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വൻ വിജയം നേടുമെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. കോണ്‍- ബിജെപി വോട്ടുകച്ചവടങ്ങൾ ഫലം കാണുകയില്ലെന്നും തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എല്ലാവിധ അവിശുദ്ധ കൂട്ടുകെട്ടുകളും പൊളിയുമെന്നും ഇടതുമുന്നണിക്ക് സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ മന്ത്രി കെടി ജലീൽ ആരോപണ വിധേയനായ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള ലോകായുക്താ ഉത്തരവിൽ നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഗൗരവതരമായ കാര്യമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കൽ കൂടിയാണത്. കോടിയേരി ആരോപിച്ചു.