കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20യുടെ ലക്ഷങ്ങളുടെ ഫണ്ട് ദുർവിനിയോഗം
അഡ്മിൻ
ജനകീയ കൂട്ടായ്മ എന്നപേരിൽ ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുർവിനിയോഗം ചെയ്തതായി ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട്. കിറ്റക്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡ് നിർമിച്ചു.
ഇതിന് പുറമെ കിറ്റക്സ് എംഡിയുടെ ഉടമസ്ഥതതയിലുള്ള ഭൂമിയോട് ചേർന്ന തോടുകളുടെ അരിക് കെട്ടാനും പൊതുഫണ്ട് ദുരുപയോഗിച്ചു. ഫണ്ട് വിനിയോഗം വിജിലൻസ് അന്വേഷിക്കണമെന്നും ഇന്റലിജൻസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ ശുപാർശചെയ്തു.
കിറ്റക്സിനോട് ചേർന്ന സ്ഥലത്ത് നെൽവയൽ– -തണ്ണീർത്തടം നിയമം ലംഘിച്ചെന്ന ഗുരുതര കണ്ടെത്തലുമുണ്ട്. ഇവ പ്രാഥമിക പരിശോധനയ്ക്കായി തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കിഴക്കമ്പലം പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തു.
നിലവിൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തെക്കൊണ്ട് ഫണ്ട് വിനിയോഗം വിശദമായി പരിശോധിപ്പിക്കാനാണ് തദ്ദേശഭണവകുപ്പ് കൈക്കൊണ്ട തീരുമാനം. പഞ്ചായത്ത് ഫണ്ട് ദുരുപയോഗത്തെക്കുറിച്ച് ഒട്ടേറെ പരാതി സർക്കാരിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്റലിജൻസ് എറണാകുളം സംഘം പരിശോധന നടത്തിയത്.