ഏഷ്യാനെറ്റ്​ ചാനല്‍ ഓഫീസിലേക്ക്​ പ്രതിഷേധ മാർച്ച്​ നടത്താന്‍ സി.പി.ഐ.എം

കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യ കൊലപാതകമെന്ന രീതിയിലും ജയിലിലുള്ള പ്രതി ശ്രീരാ​ഗ് മരിച്ചെന്ന നിലയിലും ചെയ്ത ഏഷ്യാനെറ്റ് വ്യാജ വാർത്തക്കെതിരെ പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം.

ഏഷ്യാനെറ്റ്​ ചാനലിന്റെ കണ്ണൂർ ഓഫിസിലേക്ക്​ ഏപ്രിൽ 15ന്​ മാർച്ച്​ നടത്തുമെന്ന്​ സി.പി.ഐ.എം ജില്ല​ സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൻസൂർ വധേക്കിസിലെ നാലാം പ്രതിയായ ശ്രീരാ​ഗ് തലശ്ശേരി സബ്ജയിലിലാണ്. എന്നാൽ ശ്രീരാ​ഗ് മരിച്ചെന്ന നിലയിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്.

പിന്നീട്​ തിരുത്തിയെങ്കിലും ആ വാർത്ത ഉയർത്തിക്കാട്ടി കൊന്നവരെ കൊല്ലുന്ന പാർട്ടിയാണെന്ന്​ ദുഷ്​പ്രചാരണം ​ വ്യാപകമായി നടക്കുന്നെന്നും എം.വി ജയരാജൻ പറഞ്ഞു. മൻസൂർ വധക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ്​ രതീഷ്​ തൂങ്ങിമരിച്ചത്​. മരണത്തിന്​ കാരണക്കാരായ ലീഗുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ രതീഷിന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്​.

എന്നിട്ടും ആത്​മഹത്യ, കൊലപാതകമെന്നാണ്​ മാധ്യമങ്ങൾ വാർത്ത നൽകുന്നത്​. രതീഷിനെ കൊന്ന്​ കെട്ടിത്തൂക്കിയെന്ന്​ നിരന്തരം പറയുന്ന കെ. സുധാകരൻ തെളിവുകൾ ഹാജരാക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.

14-Apr-2021