എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സി.പി.ഐ.എം ഹർത്താൽ പ്രഖ്യാപിച്ചു. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദർശ്, കാശി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും സംഘട്ടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ രംഗത്ത് വന്ന് എസ്. എഫ് .ഐ. ആര്‍.എസ്.എസ് നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജ്യേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ചാണ് പരിശീലനം ലഭിച്ച ആർ എസ് എസുകാർ എത്തിയത് , ജ്യേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്ന് എസ് എഫ് ഐയുടെ ആരോപണം.

15-Apr-2021