മുവാറ്റുപുഴ നഗര വികസന പദ്ധതിയുടെയും വിശ്രമ കേന്ദ്രത്തിൻ്റയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു
അഡ്മിൻ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം പശ്ചാത്തല വികസന മേഖലയിൽ കൈവരിച്ചത് വലിയ കുതിച്ചുചാട്ടമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുവാറ്റുപുഴ നഗര വികസന പദ്ധതിയുടെയും വിശ്രമ കേന്ദ്രത്തിൻ്റയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബി.എം.ബി.സി. രീതി വലിയ തോതിൽ നടപ്പിലാക്കാൻ കഴിഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി. എം. ബി. സി. നിലവാരത്തിലേക്ക് ഉയർത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും, നിലവിൽ അത് 60 ശതമാനം പൂർത്തിയായി. റോഡ് നവീകരണത്തിനായി മാത്രം 35,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്.
ദേശീയപാത 66-ന്റെ വികസനം യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ നിർണ്ണായകമായ ഇടപെടലുകൾ നടത്തി. പദ്ധതിക്കായി ചരിത്രത്തിലാദ്യമായി 5500 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 600 കിലോമീറ്റർ വരുന്ന ദേശീയപാതയിൽ 450 കിലോമീറ്ററിലധികം പൂർത്തീകരിച്ചു. ബാക്കി ഭാഗവും പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ് . മലയോര ഹൈവേ, തീരദേശപാത, വയനാട് തുരങ്കപാത തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ ടൂറിസം-കാർഷിക മേഖലകൾക്ക് മുതൽ കൂട്ടാകും.
അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിൽ, നിലവിൽ 150 പാലങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. ലെവൽ ക്രോസുകൾ ഒഴിവാക്കി റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു. കെട്ടിട നിർമ്മാണ മേഖലയിൽ സിവിൽ-ഇലക്ട്രിക്കൽ ജോലികൾക്കായി കോംപോസിറ്റ് ടെൻഡർ നടപ്പിലാക്കിയതിലൂടെ അനാവശ്യ പൊളിച്ചുപണികൾ ഒഴിവാക്കാൻ സാധിച്ചു. കൂടാതെ, പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയതിലൂടെ നാല് വർഷത്തിനിടെ 32 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. പശ്ചാത്തല വികസനത്തിൽ കിഫ്ബിയുടെ സംഭാവന വളരെ വലുതാണ്. പൊതുമരാമത്ത് വകുപ്പിന് മാത്രമായി 528 പദ്ധതികൾക്കായി 46,145 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ദശാബ്ദങ്ങളോളം സമയമെടുക്കേണ്ട വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കാൻ ഇതുവഴി സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളാ റോഡ് ഫണ്ട് ബോർഡിൻ്റെ മേൽ നോട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 34.1 കോടി രൂപ വകയിരുത്തിയാണ് നഗര വികസന പദ്ധതി പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ കീഴിൽ 5 കോടി രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ കച്ചേരി താഴത്ത് നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷനായി. തൃശൂർ ബിൽഡിംഗ് സെൻട്രൽ സർക്കിൾ സൂപ്രണ്ട് എഞ്ചിനീയർ എസ് ആർ അനിതകുമാരി റസ്റ്റ് ഹൗസിന്റെയും കെ ആർ എഫ് ബി അസിസ്റ്റൻറ് എൻജിനീയർ എം. മുഹ്സിന നഗരവികസന പദ്ധതിയുടെയും റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നെജി ഷാനവാസ്, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആൻറണി, വൈസ് ചെയർപേഴ്സൺ പി എം അബ്ദുൽസലാം, സ്ഥിരം സമിതി അധ്യക്ഷരായ പി. രജിത, ജിനു ആന്റണി, മുൻ എംഎൽഎമാരായ എൽദോ എബ്രഹാം, ബാബു പോൾ, ജോണി നെല്ലൂർ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ പി. ജയരാജൻ, കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പോൾ തോംസൺ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
09-Mar-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ