മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ല: മന്ത്രി കെ.കെ ശൈലജ
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ കോളജിൽ നിന്ന് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതിൽ പ്രോട്ടോകോൾ ലംഘനമില്ല. വീട്ടിൽ സൗകര്യമുള്ളവരെ അങ്ങനെയാണ് ചികിത്സിക്കാറുള്ളത്. മുഖ്യമന്ത്രി വീട്ടിലും ക്വാറന്റൈനിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും മുഖ്യമന്ത്രിയെ പോലുള്ള ഒരാളെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്നും അവർ ചോദിച്ചു. ' ഒരടിസ്ഥാനവുമില്ലാതെ എന്തെങ്കിലും വിളിച്ചു പറയുകയാണ്. മുഖ്യമന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്താൻ ആലോചിക്കുന്ന സമയത്ത് നേരിയ ജലദോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു മാത്രമല്ല, മുഖ്യമന്ത്രിയുടെ മകൾ പോസിറ്റീവുമായിരുന്നു. വീട്ടിൽ ക്വാറന്റൈനിലായിരുന്നു അദ്ദേഹം. കാര്യമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല' - ശൈലജ പറഞ്ഞു.
'അദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അതിൽ എന്തു ലംഘനമാണ് ഉണ്ടായത് എന്നെനിക്ക് മനസ്സിലായിട്ടില്ല. വെറുതെ എന്തെങ്കിലും ആളുകൾ വിളിച്ചു പറയുകയാണ്. അദ്ദേഹത്തെ പോലെയുള്ള ആളുകളെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ? മുഖ്യമന്ത്രി പുറത്ത് ഒരു പരിപാടിക്കും പോകുന്നില്ല. അദ്ദേഹത്തിന് നെഗറ്റീവായിരിക്കുന്നു. തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ' - അവർ വ്യക്തമാക്കി. പ്രോട്ടോകോളിൽ പത്തു ദിവസം എന്നൊന്നും കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് ശൈലജ കൂട്ടിച്ചേർത്തു.