ഇന്നും നാളെയും കേരളത്തിൽ മാസ് കോവിഡ് ടെസ്റ്റ്
അഡ്മിൻ
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂട്ട പരിശോധനക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമാണ് കേരളത്തിൽ മാസ് കോവിഡ് ടെസ്റ്റ് നടത്തുക. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ രോഗനിർണയം നടത്തുന്നതിനായി ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക.
രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍ , കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍ , സ്കൂൾ , കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.
ഏറ്റവും കൂടുതല്‍ പരിശോധന നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വന്നുപോയവര്‍ , രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല. അതേസമയം, സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തും. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്സീനെത്തുക. ഇതോടെ നിര്‍ത്തിവച്ച പല ക്യാംപുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താൻ പോലീസ് സ്റ്റേഷനുകളിലോ കളക്ടറേറ്റുകളിലോ അറിയിക്കണം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്കുമാത്രമേ പങ്കെടുക്കാനാവൂ. പൊതുവാഹനങ്ങളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല.
നിലവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ, വാക്സിൻ സ്വീകരിച്ചവർ തുടങ്ങിയവ മാനദണ്ഡമാക്കി ആളുകളുടെ എണ്ണം കുറയ്ക്കണം. വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തണം. സ്കൂൾബസുകൾ ഇതിനായി പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ട്യൂഷൻ സെന്ററുകൾ രോഗവ്യാപനത്തിനിടയാക്കരുതെന്ന് ഉറപ്പാക്കണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടാതെ ശ്രദ്ധിക്കണം. തൃശ്ശൂർപ്പൂരത്തിന് പാസ് നൽകി ആളുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണം. ഒന്നരക്കോടിയോളം പേർക്ക് വാക്സിൻ കൊടുക്കാനായാൽ സ്കൂളുകൾ ജൂണിൽ തുറക്കാനാവുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്തെ കടകളും ഹോട്ടലുകളും തിേയറ്ററുകളും ബാറുകളും രാത്രി ഒമ്പതുമണിക്കുശേഷം പ്രവർത്തിക്കരുത്. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്. രാത്രി ഒമ്പതിനുശേഷവും മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാം. കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.
16-Apr-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ