രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി. ശിവദാസനും ഇടത് സ്ഥാനാർത്ഥികൾ
അഡ്മിൻ
രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളായി മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സി.പി.ഐ.എം സംസ്ഥാനസമിതിയംഗമായ ഡോ. വി. ശിവദാസനും മത്സരിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ.എം സംസ്ഥാനസെക്രട്ടേറിയറ്റാണ് ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയത്. ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്.
കെ കെ രാഗേഷിന് വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നു. രാജ്യസഭയിൽ രാഗേഷിന്‍റെ പ്രവർത്തനം മികച്ചതാണെങ്കിലും ടേം വ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇതോടെയാണ് സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നവർക്ക് അവസരം നൽകാൻ തീരുമാനമായത്.
ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. തുടർന്ന് കൈരളി ടി.വി തുടങ്ങിയപ്പോൾ ചാനലിന്‍റെ ചീഫ് എഡിറ്ററും പിന്നീട് എം.ഡിയുമായി. ഡൽഹിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ പ്രമുഖരെ കാണാനെത്തുമ്പോൾ മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്.
എസ്എഫ്ഐയുടെ ദേശീയമുഖമായിരുന്നു ഡോ. വി ശിവദാസൻ. എസ്എഫ്ഐയുടെ ദേശീയപ്രസിഡന്‍റായിരിക്കേ, പല ദേശീയ വിദ്യാർത്ഥിപ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ ശിവദാസൻ ഉണ്ടായിരുന്നു. ആ സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോൾ സിപിഎം സംസ്ഥാനസമിതിയംഗമായി അദ്ദേഹം.
നിലവിൽ കേരളത്തിൽ നിന്നുള്ള 3 രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവാകാനാണ് സാധ്യത. അംഗബലം അനുസരിച്ച് എൽ.ഡി.എഫിന് രണ്ട് പേരെയും യു.ഡി.എഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക.