കിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്ത: സപ്ലൈകോ

സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചെന്നും കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി സപ്ലൈകോ. കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി വച്ച് സി.പി.ഐ.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനുകൂടിയുള്ള മറുപടിയാണ് സ്ഥാപനം നൽകിയത്.

ജീവനക്കാര്‍ നടത്തുന്ന ഭഗീരഥ പ്രയത്നത്തെ വിലയിടിച്ച് കാണിക്കുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന വ്യാജവാര്‍ത്തകളെന്നും സപ്ലൈകോ പത്രക്കുറിപ്പില്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പുകളും സപ്ലൈകോ നടത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തേതില്‍ ഇനി ആവശ്യമുള്ള കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തുകഴിഞ്ഞു. ഏപ്രില്‍ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകള്‍കൂടി റേഷന്‍ കടകളിലേക്ക് നല്‍കാന്‍ തയ്യാറാക്കി.

മാര്‍ച്ച് മാസ കിറ്റുകളുടെ തയ്യാറാക്കല്‍ 08/03 നും, കാര്‍ഡുടമകള്‍ക്കുള്ള വിതരണം 12/03 നും ആരംഭിച്ചിട്ടുള്ളതാണ്. ഏപ്രില്‍ മാസ കിറ്റുകളും മാര്‍ച്ച് 24 ന് തന്നെ തയ്യാറാക്കിത്തുടങ്ങി. 30 മുതല്‍ വിതരണം ആരംഭിച്ചിട്ടുമുണ്ട്. ഇതുവരെ 75 ലക്ഷം കാര്‍ഡുടമകള്‍ മാര്‍ച്ച് മാസത്തെ കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു. 16 ലക്ഷം കാര്‍ഡുടമകള്‍ ഏപ്രില്‍ മാസ കിറ്റും കൈപ്പറ്റി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ കുറവും, പാക്കിങ്ങിനായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒഴിയേണ്ടിവന്നതും കണക്കിലെടുക്കുമ്പോള്‍ ഇത്രയും കിറ്റുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നത് ചെറിയകാര്യമല്ല. എല്ലാ ദിവസവും 4 ലക്ഷം കിറ്റ് വീതം പാക്ക് ചെയ്യുന്നുണ്ട്. റേഷന്‍ കടകളില്‍ എല്ലാം സാധനങ്ങള്‍ സ്റ്റോക്ക് ഉണ്ട്. ആളുകള്‍ വന്ന് വാങ്ങുന്നത് അനുസരിച്ച് എത്തിച്ച് കൊടുക്കുന്നുണ്ടെന്നും സപ്ലൈകോ അറിയിച്ചു.

17-Apr-2021