കെ.എം ഷാജിക്കെതിരായ അന്വേഷണം; വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം

കെ .എം ഷാജി എം. എല്‍. എയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചു. നിരവധി രേഖകളും തെളിവുകളും കേസുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതിനാല്‍ ആണ് സംഘത്തെ വിപുലീകരിക്കുന്നത്.

ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.വിജിലന്‍സ് പരിശോധിക്കുന്നത് കെ.എം ഷാജി 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള എല്ലാ വരവു ചെലവു കണക്കുകളുമാണ്. ഇത്രയും വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ ആളുകള്‍ വേണമെന്നതിനാല്‍ ആണ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്.

ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയാണ് പരിശോധിക്കുന്നത്.ഡി.വൈ.എസ്പി ജോണ്‍സണാണ് നിലവില്‍ അന്വേഷണ ചുമതല. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുളളത് കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77രേഖകളും മാത്രമാണ്.

17-Apr-2021