അഭിമന്യുവിന്റെ കൊലപാതകം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴയിലെ അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇരുവർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, കൂട്ടു പ്രതി ജിഷ്ണു തമ്പി എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു.

അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സജയ് ജിത്ത് പോലീസിന് നൽകിയ മൊഴി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് സജയ് ജിത്ത് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടായതിനു പിന്നാലെയാണ് കുത്തികൊലപ്പെടുത്തിയത്.

സജയ് ജിത്ത് വെള്ളിയാഴ്ചയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്. കേസിൽ നേരിട്ട് പങ്കുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

18-Apr-2021