ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എം.എ. ബേബി

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എം.എ. ബേബി. കുടുംബാംഗത്തെപ്പോലെയായിരുന്ന ആഷിഷിന്റെ വിയോഗം വേദനാജനകമെന്നും എം. എ. ബേബി പറഞ്ഞു. 'വളരെ വേദനിപ്പിക്കുന്നൊരു വാർത്തയാണ് ആഷിഷിന്റെ മരണം. കാരണം ഞങ്ങൾ ഒരു കുടുംബത്തെപ്പോലെയാണ് ഡൽഹിയിൽ എസ്.എഫ്.ഐയുടെ പ്രവർത്തനകാലത്തു ജീവിച്ചിരുന്നത്.

ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നാണു ഞങ്ങൾ ഓമനപ്പേരിട്ട് വിളിക്കുന്നത്. അവരെല്ലാം ബെറ്റിയുടെയും എന്റെയും കൺമുമ്പിലാണ് വളർന്നത്. എസ്.എഫ്.ഐയുടെ ഓഫീസിൽ അവർ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങൾ ഒത്തു കൂടാറുണ്ടായിരുന്നു. ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ആശിഷിന്റെ അമ്മയും അന്ന് താമസിച്ചിരുന്നത്. ഞങ്ങൾ അവരുടെ വീട്ടിൽ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു.കുഞ്ഞുങ്ങളുമായും കളിക്കാറുണ്ടായിരുന്നു.

അതിനു ശേഷം കേരളത്തിലേക്ക് മാറിയപ്പോൾ ആ കുട്ടികളുമായുള്ള ബന്ധം വിട്ടു പോയിരുന്നു. പിന്നെ വളർന്നു യുവാവായതിനു ശേഷമാണ് കാണുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് യാത്രക്കിടയിൽ ആശിഷിന്റെ വിവാഹസ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നത്. ബെറ്റിക്കും എനിക്കും ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാവിലെ ഈ ദുഃഖവാർത്തയറിഞ്ഞു സീതാറാമിനെ വിളിച്ചു. സഖാവുമായി ഫോണിൽ സംസാരിച്ചു.

ഇതുപോലൊരു സന്ദർഭത്തിൽ കരുത്താർജ്ജിക്കുക, മനോബലം നേടുക, ഈ ദുഖത്തെ മറികടക്കാനുള്ള ശേഷി സമ്പാദിക്കുക എന്ന് സഖാവിനോട് പറഞ്ഞു. സഖാവ് വല്ലാതെ മാനസികമായി ക്ഷീണിച്ചിട്ടുണ്ട്. പക്ഷെ ഈ സാഹചര്യത്തെ നേരിടുകയല്ലാതെ മാർഗമില്ല.ഒരു കുടുംബാംഗത്തെപോലെ വളർന്ന ഒരാളിന്റെ വേർപാട് കൊവിഡുമായി ബന്ധപ്പെട്ടു ഉണ്ടാകുമ്പോഴാണ് ഈ കൊവിഡിന്റെ ഭീകരത അതിന്റെ പൂർണരൂപത്തിൽ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. പ്രിയ സഖാക്കളുടെ മകൻ ആശിഷിന്റെ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും അറിയിക്കുന്നു.'

22-Apr-2021