ഓക്സിജൻ ക്ഷാമം; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ദരാമയ്യ
അഡ്മിൻ
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ. കൊവിഡ് പ്രതിസന്ധിക്കിടെ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സിദ്ദരാമയ്യ വിമർശനങ്ങളുന്നയിച്ചത്. താങ്കൾ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാൽ വൈറസ് അപ്രത്യക്ഷമാകില്ലെന്ന് സിദ്ദരാമയ്യ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആദ്യം സംസ്ഥാന ഗവൺമെന്റുകളുടെ ആവശ്യം പൂർത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂ, മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാൻ താങ്കൾ ഹെഡ്മാസ്റ്ററൊന്നുമല്ല എന്ന് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു.
അഞ്ച് ട്വീറ്റുകളിലായി ശക്തമായ രീതിയിലാണ് സിദ്ദരമയ്യയുടെ പ്രതികരണം. സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയോട് ഓക്സിജൻ ആവശ്യപ്പെടുമ്പോൾ, പൂഴ്ത്തിവയ്പ്പുകാർക്കെതിരെ നടപടിയെടുക്കാനാണ് അദ്ദേഹം പറയുന്നത്. കർണാടകയിൽ കാര്യങ്ങളെല്ലാം കൈവിട്ട് പോവുകയാണ്. ഇതിനുള്ള പരിഹാരം കർണാടകയിലെ ജനങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കണം. ഇത്രയും മോശം മുഖ്യമന്ത്രിയെ വച്ച് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് കർണാടകയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഉള്ളത് 7621 കിടക്കകളാണ് അതിൽ 6124 കിടക്കകൾ ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ആകെ ബാക്കിയുള്ളത് 1487 കിടക്കകളാണ്. കർണാടകയിലെ യഥാർത്ഥ അവസ്ഥ മുഖ്യമന്ത്രി പ്രധാനമന്ത്രിയോ ധരിപ്പിച്ചിരുന്നോ?, എന്നും സിദ്ദരാമയ്യ ട്വീറ്റിൽ ചോദിച്ചു.