കോവിഡ്: കേരളം നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു
അഡ്മിൻ
സംസ്ഥാനത്തെ സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, ബാറുകള്‍, വിദേശമദ്യഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തൽക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.
വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനമുളളൂ. രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കും 72 മണിക്കറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുളള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിക്കണം.
എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുളള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം. വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തി. ഒരുകാരണവാശാലും പരാമവധിയില്‍ അപ്പുറം പോകാന്‍ പാടില്ല.
ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതിനാല്‍ പളളികളില്‍ പൊതുവേ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുളളൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ മതനേതാക്കന്മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.
നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്തുന്നതിന് പൈപ്പുവെള്ളം ഉപയോഗിക്കണം. പല പളളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തേ പാലിച്ചതാണ്. ആരാധാനാലയങ്ങളില്‍ ഭക്ഷണവും തീര്‍ഥവും നല്‍കുന്ന സമ്പ്രദായവും തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
26-Apr-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ