മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരണമെന്ന് സർവേകളിൽ അഭിപ്രായം

സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം പേരെന്ന് ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ. ഉമ്മന്‍ചാണ്ടിയെ 27 ശതമാനം പേര്‍ നിര്‍ദേശിച്ചു. ബിജെപിയുടെ ഇ.ശ്രീധരനെ 5 ശതമാനം പേര്‍ നിര്‍ദേശിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചത് വെറും നാല് ശതമാനം. ഇന്ത്യാടുഡേ കഴിഞ്ഞ ദിവസം പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തിനൊപ്പമാണ് ഈ സര്‍വേ.


മാത്രമല്ല, കേരളത്തില്‍ അമ്പത് ശതമാനം മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും യുഡിഎഫ് 45 ശതമാനം മുസ്ലിം വോട്ടുകള്‍ നേടുമെന്നും എന്‍ഡിഎക്ക് 3 ശതമാനം വോട്ടുകളുണ്ടാകുമെന്നും സര്‍വേ. ക്രിസ്ത്യന്‍ വോട്ടുകളില്‍ 44 ശതമാനം എല്‍ഡിഎഫിന്, 43 ശതമാനം യുഡിഎഫിനിന്നും സർവേ പറയുന്നു.

ഇടതുമുന്നണിക്ക് 104 മുതല്‍ 120 സീറ്റ് വരെയാണ് ഇന്ത്യാടുഡേയുടെ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎ 2 സീറ്റുകള്‍ വരെ നേടാം. ഇന്ത്യാടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയത്.

30-Apr-2021