ആർടിപിസിആർ പരിശോധനാ നിരക്ക് കുറയും; ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പരിശോധനാ നിരക്ക് 1,700 രൂപയിൽ നിന്ന് 500 രൂപയാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. നിരക്ക് കുറയ്ക്കുന്നത് ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകൾ ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകുന്നേരമാണ് അറിയിച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യത്തിയാണ് ആരോഗ്യവകുപ്പ് പരിശോധനാ നിരക്ക് കുറച്ചത്.

30-Apr-2021