യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി: ഫിറോസ് കുന്നുംപറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു.

തവനൂർ യു.ഡി.എഫ് എഴുതിത്തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് കുന്നുംപറമ്പിൽ കൂട്ടിച്ചേർത്തു.യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണ്.

2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീൽ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീൽ തവനൂരിൽ നിന്ന് ജയിച്ചുകയറിയത്. അതേ സ്ഥാനത്താണ് ഇപ്പോഴത്തെ 2564 ഭൂരിപക്ഷം. ഇത് ഇക്കുറി നടന്ന പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. 2011ലാണ് തവനൂർ മണ്ഡലം രൂപീകൃതമാകുന്നത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ ടി ജലീൽ തന്നെയായിരുന്നു തവനൂരിന്റെ സാരഥി.

04-May-2021