ബോളിവുഡ് നടി കങ്കണ റനാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനു പിന്നാലെ അവരുമായുളള പ്രോജക്റ്റുകൾ ഉപേക്ഷിച്ച് ഫാഷൻ ഡിസൈനേഴ്‌സ്. കങ്കണയുമായുളള പ്രോജക്റ്റുകൾ ഉപേക്ഷിക്കുന്നതായി പ്രമുഖ ഫാഷൻ ഡിസൈനേഴ്‌സായ ആനന്ദ് ഭൂഷണും, റിംസിം ദാദുവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. ബംഗാളിൽ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെ പങ്കുവച്ച ട്വീറ്റിൽ ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു എന്ന് പരാമർശിച്ചിരുന്നു. കങ്കണയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധം ഉയർന്ന് വന്നതിനു പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത്.
ചില പ്രത്യേക സംഭവങ്ങളെത്തുടർന്ന് കങ്കണയുമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇനി ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. വിദ്വേഷ പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ ബ്രാൻഡ് ആഗ്രഹിക്കുന്നില്ല എന്നും ആനന്ദ് ഭൂഷൺ ട്വീറ്റ് ചെയ്തു.