ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് നരഹത്യക്ക് തുല്യം: അലഹബാദ് കോടതി
അഡ്മിൻ
ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിക്കാനിടയാകുന്നത് നരഹത്യയ്ക്ക് തുല്യമായ ക്രിമിനല്‍ കുറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ, മീററ്റ് തുടങ്ങിയ ജില്ലകളില്‍ ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായതിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം.
സംഭവത്തില്‍ അന്വേഷണം നടത്താനും ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വര്‍മ, അജിത് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റീന് കേന്ദ്രങ്ങളുടെ അവസ്ഥയും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഹൃദയമാറ്റ ശസ്ത്രക്രിയയും മസ്തിഷ്ക ശസ്ത്രക്രിയയും വരെ നടത്തി ശാസ്ത്രം ഏറെ പുരോഗമിച്ച ആധുനിക കാലത്ത് ജനങ്ങളെ ഇത്തരത്തില്‍ മരിക്കാന്‍ വിടുന്നത് അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇത്തരം കാര്യങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരോ ജില്ലാ അധികാരികളോ അന്വേഷണത്തിന് ഉത്തരവിടുന്നത് പതിവല്ലെങ്കിലും, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സ്ഥിതി നിലവിലുണ്ടെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ച് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതായി കോടതി വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് അന്വേഷിക്കാനും 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും ലഖ്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് കോടതി നിര്‍ദേശം നല്കി. കേസില്‍ അടുത്ത വാദം നടക്കുന്ന ദിവസം ഓണ്‍ലൈനില്‍ പങ്കെടുക്കാനും മജിസ്ട്രേറ്റുമാരോട് കോടതി ആവശ്യപ്പെട്ടു.