എങ്ങിനെ തനിക്ക് വാക്സിൻ ലഭിച്ചു; മറുപടിയുമായി ചിന്ത ജെറോം
അഡ്മിൻ
സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം രംഗത്ത് വന്നു. കേരളത്തിൽ 45 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നതെന്നും അങ്ങനെയുള്ളപ്പോൾ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിൻ ലഭിച്ചതെന്നുമായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
എന്നാൽ, കോവിഡ് വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് വാക്സിൻ നൽകുന്നതിനായുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും ആരോപണങ്ങൾ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയുള്ളതാണെന്നും ചിന്ത പ്രതികരിക്കുന്നു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരെന്ന നിലയിലാണ് കമ്മീഷൻ അംഗങ്ങളും ജീവനക്കാരും താനും വാക്സിൻ സ്വീകരിച്ചതെന്ന് ചിന്ത ജെറോം പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു ചിന്ത ജെറോം വാക്സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രമടക്കമുള്ള ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് വിമർശനവുമായി ആളുകൾ രംഗത്തെത്തിയത്.