ലീഗ് ഉന്നതാധികാര സമിതിയിൽ നിന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് പുറത്ത്
അഡ്മിൻ
മുസ്ലിംലീഗ് ഉന്നതാധികാര സമിതിയിൽ നിന്ന് മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പുറത്തായി. മലപ്പുറത്ത് നടന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലേക്ക് ഇബ്രാഹിം കുഞ്ഞിനെ വിളിച്ചില്ല. ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന അപേക്ഷ പാർട്ടി നേതൃത്വം തള്ളി. ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു.
ഉന്നതാധികാര സമിതി അംഗമായ ഇബ്രാഹിം കുഞ്ഞിനെ സമിതിയിൽ തുടരാനനുവദിക്കരുതെന്നായിരുന്നു ആവശ്യം. ഇബ്രാഹിം കുഞ്ഞ് തുടരുകയാണെങ്കിൽ ടി.എ.അഹമ്മദ് കബീറിനെയും ഉന്നതാധികാര സമിതി അംഗമാക്കണമെന്ന് എറണാകുളം ടീം ആവശ്യപെട്ടു. എന്നാൽ ടി.എ.അഹമ്മദ് കബീറിനെ ഉൾപ്പെടുത്തുന്നതിനെ കുഞ്ഞാലിക്കുട്ടി എതിർത്തു. ഇബ്രാഹിം കുഞ്ഞിനെ തുടരാനനുവദിച്ചാൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നേതൃത്വം അംഗീകരിച്ച് അദ്ദേഹത്തെ ഒഴിവാക്കി.
മകൻ അബ്ദുൾ ഗഫൂറിനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് കൊണ്ടുവരണമെന്ന അഭ്യർത്ഥനയും നേതൃത്വം തള്ളി. പാലാരിവട്ടം പാലം അഴിമതിയുടെ കറ പുരണ്ടവരെ മത്സരിപ്പിച്ചതും മുസ്ലിംലീഗിലെ അഴിമതിയുമാണ് കളമശേരിയിലെ തോൽവിക്ക് കാരണമെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബിന്റെ പ്രസ്താവനയും മുൻ മന്ത്രിക്ക് തിരിച്ചടിയായി.