പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് ഇന്ന് നടന്ന പിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ. പരാജയത്തിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് ആർഎസ്എസിന് മുതലെടുക്കാൻ അവസരം കൊടുക്കരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.എന്നാല്‍, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

പാർട്ടിയിൽ കാതലായ മാറ്റം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവി ചർച്ച ചെയ്യാനായാണ് ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നും ചിലർ തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം, പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ താനായിരുന്നു. ആ നിലയ്ക്കാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തോല്‍വിയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് ചെന്നിത്തല യോഗത്തിൽ പറഞ്ഞത്.

07-May-2021