സമസ്തയുടെ പേരില്‍ മുസ്ലിം ലീഗിൽ പുതിയ വിവാദം

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഇ.കെ.വിഭാഗം സമസ്തയുടെ പങ്ക് വിലയിരുത്താൻ മുസ്ലിംലീഗിൽ നീക്കം. ഉടൻ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഇത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചില മുസ്ലിംലീഗ് നേതാക്കൾ പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളുമായി ചർച്ച നടത്തി. എല്ലാ കാലത്തും സമുദായത്തിലെ പ്രശ്‌നങ്ങളിൽ സമസ്തയുടെ നിലപാടുകളോടൊപ്പം അടിയുറച്ച് നിൽക്കുകയാണ് മുസ്ലിംലീഗ് നേതൃത്വം.

എന്നിട്ടും തിരഞ്ഞെടുപ്പ് കാലത്ത് ലീഗിനെതിരെ പരസ്യ നിലപാടുകൾ സ്വീകരിച്ച് പാർട്ടിയുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെടുത്തിയത് സമസ്തയാണെന്ന് പരാതി ഉന്നയിച്ചവർ പറയുന്നു. ഇ.കെ.വിഭാഗം സമസ്തയോടൊപ്പം നിലയുറപ്പിക്കുന്നത് മൂലം എ.പി.വിഭാഗം സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ സമുദായ സംഘടനകൾ ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിക്കുന്നു എന്ന് ഇവർ വാദിക്കുന്നു.

തിരിച്ചടിക്ക് കാരണമായ നിലപാടുകളായി കണക്കാക്കുന്നത് -

സമസ്തയിലെ ചില നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് എടുത്ത നിലപാടുകൾ, കുഞ്ഞാലിക്കുട്ടി പാതിവഴിയിൽ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുന്നതായി പരിഹസിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന, പിണറായി വിജയൻ വിളിച്ച യോഗത്തിൽ സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാർ പങ്കെടുക്കാൻ തീരുമാനിച്ചതും വിവാദമായപ്പോൾ പിന്മാറിയതും.

ഈ വിവാദത്തിന്റെ പേരിൽ മുസ്ലിംലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി. മായിൻഹാജിക്കെതിരെ സമസ്ത പ്രഖ്യാപിച്ച അന്വേഷണം, പിണറായി സർക്കാർ സമസ്തക്കെതിരെല്ലെന്ന മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന, കെ.എൻ.എ ഖാദറിന്റെ ഗുരുവായൂർ കാണിക്കയിടലിനെതിരെ സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ രൂക്ഷ വിമർശനം

13-May-2021