ഇ​സ്രായേല്‍ ആക്രമണം കനപ്പിച്ചതോടെ ഗാസയിൽ കൂട്ട പലായനം

ഗസ്സക്കുമേല്‍ കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച്‌​ ഇ​സ്രായേല്‍ ആക്രമണം കനപ്പിച്ചതോടെ ഗാസയിൽ കൂട്ട പലായനം. 10,000 ലേറെ കുടുംബങ്ങള്‍ അഭയംതേടി പലായനം ചെയ്​തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുരുന്നുകളെയും കൂട്ടി ഇപ്പോഴും പലായനം തുടരുകയാണ്​.ഗാസയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ 31 കുട്ടികളു​ള്‍ ഉൾപ്പെടെ മരണം 126 ആയി. 920 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​.

പശ്​ചിമ ഗാസയിലെ​ ഷാതി അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ബോം​ബാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി ആശങ്കയുണ്ട്​.ആറു കുട്ടികളുള്‍പെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു​. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന്​ ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന്​ പ്രതീക്ഷയില്ല.ശനിയാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായ അഞ്ചു ബോംബുകള്‍ വര്‍ഷിച്ചാണ്​ അഭയാര്‍ഥി ക്യാമ്പ് ചാരമാക്കിയത്​.

പാലസ്​തീന്‍ പ്രവിശ്യയില്‍ 160 ഓളം വിമാനങ്ങള്‍ ഉപയോഗിച്ച്‌​ വ്യോമാക്രമണം ശക്​തമാക്കിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയില്‍നിന്നും യുദ്ധക്കപ്പലുകള്‍ വഴി കടലില്‍നിന്നും ആക്രമണം തുടരുകയാണ്​. വടക്കന്‍ ഗാസയിലാണ്​ ഇസ്രായേലി ബോംബറുകള്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കുന്നത്​.യു.എന്നും വിവിധ രാജ്യങ്ങളും ആവശ്യമുയര്‍ത്തിയിട്ടുംആക്രമണം ഇനിയും തുടരുമെന്ന നിലപാട്​ ഇസ്രായേല്‍ തുടരുകയാണ്​.

ഇസ്രായേലില്‍ സമാധാനം പുനഃസ്​ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന്​ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹു പറഞ്ഞു ഗാസയുടെ പശ്​ചിമ, ഉത്തര മേഖലകളിലാണ്​ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ കനപ്പിച്ചത്​.ഗാസക്കു നേരെ തുടരുന്ന ഭീകരതയില്‍ പ്രതിഷേധിച്ച്‌​ വെസ്റ്റ്​ ബാങ്കില്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേര്‍ക്ക്​ വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്​ക്രസന്‍റ്​ അറിയിച്ചു.

ലബനാന്‍ അതിര്‍ത്തി പ്രദേശത്ത്​ പ്രതിഷേധങ്ങളില്‍ ​പ​ങ്കെടുത്ത ഒരാളെ കൂടി ഇസ്രായേല്‍ പൊലീസ്​ വെടിവെച്ചുകൊന്നു. ഇവിടെ ഇതോടെ മരണം രണ്ടായി. അതിനിടെ, ഇസ്രായേല്‍ കുടിയൊഴിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച കിഴക്കന്‍ ജറൂസലം പ്രദേശമായ ശൈഖ്​ ജര്‍റാഹില്‍ അറസ്റ്റ്​ തുടരുകയാണ്​.എന്നാല്‍, ഇസ്രായേല്‍ പ്രദേശമായ അഷ്​ദോദ്​ ലക്ഷ്യമിട്ട്​ ശനിയാഴ്ചയും ഹമാസ്​ റോക്കറ്റുകള്‍ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കി ഷാതി അഭയാര്‍ഥി ക്യാമ്ബില്‍ ബോംബു വര്‍ഷിച്ചതില്‍ പ്രതിഷേധിച്ചാണ്​ റോക്കറ്റാക്രമണമെന്ന്​ ഹമാസ്​ അറിയിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ ഒമ്പതു പേര്‍ ഇസ്രായേലില്‍ മരണപ്പെട്ടിട്ടുണ്ട്​.

15-May-2021