ഐഎൻഎൽ എന്ന രാഷട്രീയ പാർട്ടിയുടെ ഇതുവരെയുള്ള യാത്ര രാഷ്ട്രീയ നിലപാട് കൊണ്ടും ആദർശത്തിലെ സത്യസന്ധത കൊണ്ടും സമ്പന്നമാണ്. മൂന്ന് പതിറ്റാണ്ടിനടുത്തുള്ള പാർട്ടി ചരിത്രത്തിൽ ഐഎൻഎൽ ആദ്യമായി ഒരു ഭരണത്തിൽ പങ്കാളിയാകുന്നു എന്ന ചരിത്ര മുഹൂർത്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ 27 വർഷം മുൻപ് നിലവിൽ വന്ന ഇന്ത്യൻ നാഷണൽ ലീഗിന് ഇത് ചരിത്ര മുഹൂർത്തം തന്നെയാണ്. രണ്ടാം പിണറായി സർക്കാരിൽ അഹ്മദ് ദേവർകോവിൽ മന്ത്രിയാകുന്നതോടെ കേരളത്തിലെ ന്യൂനപക്ഷ ബദൽ രാഷ്ട്രീയത്തിന് കൂടുതൽ കരുത്ത് കൈവരും എന്നാണ് പാർട്ടി കരുതുന്നത്.
ലീഗ് പിളർന്ന് 27 വർഷം മുമ്പ് നിലവിൽ വന്ന ഇന്ത്യൻ നാഷണൽ ലീഗിന് കഴിഞ്ഞ മന്ത്രിസഭ വരെയും ഒരു മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. 30 വർഷത്തിനു ശേഷമാണ് ഒരു മുസ്‌ലിം കേന്ദ്രീകൃത രാഷ്ട്രീയ പാർട്ടി എൽഡിഎഫ് മന്ത്രിസഭയിൽ ഇടം നേടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. കാൽ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ നാഷണൽ ലീഗിന്റെ മോഹം അഹമ്മദ് ദേവർ കോവിലിലൂടെ ഇപ്പോൾ സാധ്യമാവുന്നത്. അതേസമയം, പകുതി ടേം മന്ത്രിസ്ഥാനമാണ് ഐഎൻഎല്ലിന് ലഭിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.
1994ൽ ഐഎൻഎൽ രൂപം കൊണ്ട ശേഷം ആദ്യമാണ് കേരളത്തിൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത്. മുന്നണിയിൽ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയിൽ 26 വർഷത്തോളം നിരുപാധിക പിന്തുണയുമായി എൽഡിഎഫുമായി സഹകരിച്ച നാഷണൽ ലീഗിന് വൈകി ലഭിച്ച അംഗീകാരമായാണ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനമെന്നാണ് വിലയിരുത്തൽ. ആദ്യ ടേമിൽ തന്നെ മന്ത്രിസ്ഥാനം കിട്ടുന്നത് ഐഎൻഎല്ലിന്റെ സമുന്നത നേതാവായ അഹമ്മദ് ദേവർകോവിലിനെ സംബന്ധിച്ചിടത്തോളവും ഏറെ പ്രത്യേകതയുള്ള കാര്യമാണ്.
ലീഗിന്റെ ഏക വനിതാ സ്ഥാനാർഥി നൂർബിനാ റഷീദിനെ തോൽപിച്ചാണ് കോഴിക്കോട് സൗത്തിൽ നിന്നാണ് ഇത്തവണ അഹ്മദ് ദേവർ കോവിൽ വിജയിച്ചത്.