വാളയാർ ആൾക്കൂട്ട കൊലപാതകം: പിന്നിൽ ആർഎസ്എസ്–ബിജെപി ക്രിമിനലുകൾ: എം.വി. ഗോവിന്ദൻ മാസ്റ്റർ

വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്–ബിജെപി ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഇത് പകൽ പോലെ വ്യക്തമായ കാര്യമാണെന്നും, ആർഎസ്എസ് നേതൃത്വം നൽകിയെന്നത് തെളിഞ്ഞിട്ടും മാധ്യമങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും ആക്രമണത്തിൽ പങ്കെടുത്തവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഒരിക്കലും അനുവദിക്കാനാവില്ലെന്നും, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനത്തിനും ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം അക്രമ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ഇതിനെ ചെറുക്കാൻ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

22-Dec-2025