സി.പി.ഐ.എം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി

രണ്ടാം ഇടതുമുന്നണി മന്ത്രിസഭയിൽ സി.പി.ഐ.എം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എൻ. ബാലഗോപാലിന് നൽകും. വ്യവസായം പി.രാജീവിനു നൽകാനാണ് നിലവിലെ ധാരണ. ഉന്നത വിദ്യാഭ്യാസം ആർ.ബിന്ദുവിനു നൽകും. വീണ ജോർജ് ആരോഗ്യമന്ത്രിയാകും.

എം.വി.ഗോവിന്ദന് എക്സൈസ്, തദ്ദേശം ലഭിച്ചു. പി.എ. മുഹമ്മദ് റിയാസിനു പൊതുമരാമത്തും ടൂറിസവും നൽകി. വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകൾ ശിവൻകുട്ടിക്കാണെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയോ വാർത്താ കുറിപ്പ് ഇറക്കുകയോ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പക്കലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജനതാദൾ എസിലെ കെ. കൃഷ്ണൻ കുട്ടിക്കു നൽകി. ജലവിഭവം കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിനു ലഭിച്ചു. ഐഎൻഎല്‍ പ്രതിനിധി അഹമ്മദ് ദേവർകോവിലിനു തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ നൽകി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി.അബ്ദുറഹ്മാനു നൽകി.

ആന്റണി രാജു ആണ് ഗതാഗതമന്ത്രി. വി.എൻ. വാസവനു സഹകരണവും റജിസ്ട്രേഷനും നൽകി. കെ. രാധാക‍ൃഷ്ണനു ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകൾ ലഭിച്ചു. വനംവകുപ്പ് സിപിഐയിൽനിന്ന് എൻസിപിക്കു നൽകി. എ.കെ.ശശീന്ദ്രൻ മന്ത്രിയാകും. സജി ചെറിയാൻ ഫിഷറീസ്, സാംസ്കാരിക മന്ത്രിയാകും.

19-May-2021