സത്യപ്രതിജ്ഞാ ചടങ്ങ്: പ്രതിപക്ഷ തീരുമാനം ഔചിത്യമില്ലാത്തത്: പിണറായി വിജയന്
അഡ്മിൻ
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തങ്ങളുടെ സാന്നിദ്ധ്യമേ വേണ്ടെന്ന പ്രതിപക്ഷ തീരുമാനം ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചടങ്ങ് എന്തിനാണ് ബഹിഷ്കരിക്കുന്നതെന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടതാണ്. ജനാധിപത്യ പ്രക്രിയയില്‍ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ആ മാന്യത പലപ്പോഴും കാത്തുസൂക്ഷിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം.
എങ്കിലും ഒരു പുതിയ തുടക്കമാവുമ്പോള്‍ അതിന്റെ ഭാഗമായി അവരും ഉണ്ടാകേണ്ടതായിരുന്നു. നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനാവില്ലല്ലോ. ചുരുക്കം ചില ആളുകളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.അത്രയും പേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്രയധികം പേര് പങ്കെടുക്കേണ്ട, ഒന്നോ രണ്ടോ പേര് മാത്രം പങ്കെടുത്താല്‍ മതിയെന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. അപ്പോള്‍ പ്രതിപക്ഷ സാന്നിധ്യം ഉറപ്പാകുമല്ലോ.
പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിക്കുന്നത് എന്തിനാണെന്ന് അവര്‍ തന്നെയാണ് പറയേണ്ടത്.ഒരു സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് ഈ നിലപാടാണോ സ്വീകരിക്കേണ്ടത് ? മാധ്യമങ്ങളടക്കം അക്കാര്യം വിലയിരുത്തണം.എന്നാല്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു.