ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനം ഉന്നയിച്ച ആറ് പേരെ ബിജെപി പുറത്താക്കി. എറണാകുളം ജില്ലയിലെ പ്രവർത്തകർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കൊടകര കള്ളപ്പണ കേസ് വിഷയത്തിലുൾപ്പെടെ ഇവർ സുരേന്ദ്രനെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.
യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങൾക്കിടെ പരസ്യ വിമർശനം ഉന്നയിച്ചവർക്കെതിരെയാണ് നേതൃത്വം രംഗത്തെത്തിയത്.
കൊടകര വിഷയത്തിൽ സുരേന്ദ്രനെതിരെഫേസ്ബുക്കിൽ പോസ്റ്റിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദൻ ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിന്‍റ് എം എന്‍ ഗംഗാധരന്‍ തുടങ്ങിയവരുൾപ്പെടെ ആറ് പേരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫണ്ടിൽ സുതാര്യതയില്ല, വോട്ട് കച്ചവടം നടന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇവർ പോസ്റ്ററുകളിലൂടെ ഉന്നയിച്ചത്.
അതേസമയം പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന കത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായും ഇവർ രംഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ കോലം കത്തിച്ചാണ് പുറത്താക്കപ്പെട്ടവർ പ്രതിഷേധിച്ചത്.