നീരജ് ചോപ്രയിലൂടെ ടോക്യോയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ടോക്കിയോ ഒളിംപിക്‌സിൽ ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്രയിലൂടെ ടോക്യോയില്‍ ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു.

ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റര്‍ ദൂരത്തോടെ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാന്‍ പിന്നിട്ട ദൂരത്തേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലില്‍ നീരജ് പോരാട്ടം ആരംഭിച്ചത്.

ആദ്യ ശ്രമത്തില്‍ പിന്നിട്ടത് 87.03 മീറ്റര്‍. ആദ്യ റൗണ്ടില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും 86 മീറ്റര്‍ കടക്കാനായിരുന്നില്ല. 85.30 മീറ്റര്‍ കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറായിരുന്നു രണ്ടാമത്. ഫൈനലിന്റെ രണ്ടാം റൗണ്ടിലെ മൂന്നു ത്രോയും പിന്നിലായിരുന്നെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റര്‍ ദൂരം താരത്തിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തില്‍ 82.52 മീറ്റര്‍ ദൂരം പിന്നിട്ട വെറ്റര്‍, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനല്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റര്‍ യോഗ്യതാ മാര്‍ക്ക് കടന്നത്.

നീരജിലൂടെ ടോക്യോയിലെ ഏഴാം മെഡല്‍ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തില്‍ ഒറ്റ പതിപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മെഡലെണ്ണമാണിത്. 2012ല്‍ ലണ്ടനില്‍ കൈവരിച്ച ആറു മെഡലുകള്‍ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയര്‍ത്തിയത്. പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ ബജ്രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

07-Aug-2021