നീരജ് ചോപ്രയുടെ ഐതിഹാസിക പ്രകടനത്തിന് അഭിനന്ദനങ്ങളുമായി മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ
അഡ്മിൻ
തിരുവനന്തപുരം: ഇന്ത്യൻ കായിക ചരിത്രത്തിന് സുവർണ്ണനിമിഷം സമ്മാനിച്ചുകൊണ്ട് ജാവ്ലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണ്ണമെഡൽ നേടിയ നീരജ് ചോപ്രയുടെത് അനുപമമായ നേട്ടമാണെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഐതിഹാസിക പ്രകടനത്തിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. വളർന്നുവരുന്ന കായികതാരങ്ങൾക്ക് ആവേശവും ഊർജ്ജവും പകരുന്നതാണ് ഈ അതുല്യനേട്ടം. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ അത്ലറ്റിക്സിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് നീരജ്. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നത്.
നമ്മുടെ നാട്ടിലെ യുവകായിക പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കിനൽകുവാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കായികതാരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനും ഗൗരവതരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.