റോഡ് നിര്‍മാണ പ്രവൃത്തികളും ടൂറിസം പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും: പി എ മുഹമ്മദ് റിയാസ്

തൃശൂര്‍: റോഡ് നിര്‍മാണ പ്രവൃത്തികളും ടൂറിസം പദ്ധതികളും തൃശൂര്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ജില്ലയിലെ മന്ത്രിമാര്‍, എം എല്‍ എമാര്‍, കലക്ടര്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ എല്ലാ എം എല്‍ എമാരുടെയും നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന റോഡ് നിര്‍മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ വിലയിരുത്തി റിപ്പോര്‍ട്ട് മന്ത്രിയുടെ ഓഫീസില്‍ നല്‍കുന്നതിനായുള്ള ആദ്യ യോഗമാണ് ചേര്‍ന്നത്.വര്‍ഷത്തില്‍ 3 തവണ ഇപ്രകാരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. എല്ലാ ജില്ലകളിലും ഇത്തരം മീറ്റിങുകള്‍ നടന്നുവരുന്നതായും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കി വേഗത കൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണം. എല്ലാമാസവും ഡിവിഷന്‍ തലത്തില്‍ യോഗം ചേര്‍ന്ന് മിനിറ്റ്‌സ് അയക്കണം.

കരാറുകാര്‍ നിര്‍മാണ പൂര്‍ത്തീകരണം അകാരണമായി നീട്ടി കൊണ്ട് പോകരുത്. ഉദ്യോഗസ്ഥര്‍ ഓരോ ഫയലുകളും എസ്റ്റിമേറ്റുകളും അന്നുതന്നെ തീര്‍പ്പാക്കണം. നിര്‍മാണ പ്രവര്‍ത്തന പുരോഗതി അപ്പപ്പോള്‍ അതത് മണ്ഡലത്തിലെ എംഎല്‍എമാരെ അറിയിക്കണം. ഇതിനായി എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.റോഡ് നിര്‍മാണത്തിന് ആവശ്യമായ മരംമുറിക്കുന്നതിന് ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചു വേഗത കൂട്ടണം. ജില്ലയില്‍ പലയിടത്തും റോഡ് കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പി ഡബ്ല്യു ഡി യുടെ പരിധിയില്‍ വരുന്ന ബൗണ്ടറി മാര്‍ക്ക് ചെയ്ത് അളന്ന് തിട്ടപ്പെടുത്തിയിടണമെന്നും മന്ത്രി പറഞ്ഞു.

പോലിസ് സ്‌റ്റേഷനുകളോട് ചേര്‍ന്ന് പോലിസ് കേസില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ കിടക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാകലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി കംഫര്‍ട്ട് സ്‌റ്റേഷന്‍ പോലെയുള്ള സാധ്യതകള്‍ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി ജില്ലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന ടൂറിസം പദ്ധതികളായ കൊടുങ്ങല്ലൂര്‍ മുസിരിസ്, ഗുരുവായൂര്‍ അതിഥി മന്ദിര നിര്‍മാണം, ആതിരപ്പിള്ളി ഫസിലിറ്റി സെന്റര്‍ നിര്‍മാണം, പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ ത്വരിതഗതിയിലാക്കും.വഞ്ചിക്കുളം, കാക്കത്തുരുത്തി, മലക്കപ്പാറ വിനോദസഞ്ചാര മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. രാമനിലയത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍, കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ എന്നീ പ്രവൃത്തികളും വേഗത്തിലാക്കും.

ഓരോ പഞ്ചായത്തിലും ഒന്നില്‍കൂടുതല്‍ടൂറിസം ഡെസ്റ്റിനേഷനുകള്‍ സാധ്യമാക്കണം.പ്രകൃതിരമണീയതയ്ക്ക് ഒപ്പം തന്നെ സംസ്‌കാരം, ചരിത്രം, ജനങ്ങളുടെ പ്രത്യേകത എന്നിവക്ക് അനുസരിച്ചും ഡെസ്റ്റിനേഷനുകള്‍ സാധ്യമാക്കണമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, തൃശൂര്‍ ജില്ലയിലെ എം എല്‍ എമാര്‍, എം എല്‍ എമാരുടെ പ്രതിനിധികള്‍, പി ഡബ്ല്യു ഡി, റോഡ്‌സ്, ബില്‍ഡിങ് വകുപ്പ് ഉദ്യോഗസ്ഥര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

08-Aug-2021