9 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകുന്നു

സിപിഎമ്മിന്റെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ധാരണയായി. പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ജില്ല എന്ന പരിഗണനയിലാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകുന്നത്. മൂന്നു ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദി പ്രഖ്യാപിച്ചത്. തീയതി ഉടന്‍ പ്രഖ്യാപിക്കും.

9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്. 2012 ലാണ് ഇതിനു മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തിരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു.

വരാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി(സിസി)യില്‍ പ്രശംസയുണ്ടായി. കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മന്ത്രിമാരടക്കം, മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റു നല്‍കാതിരുന്നത് ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനമായിരുന്നു. ഭരണനേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്തു. എല്‍ഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് (എം) എത്തിയതും നേട്ടമായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

08-Aug-2021