ദേശീയപാതയോരത്തെ നിര്‍മാണം: ദൂരപരിധി ഇനി 7.5 മീറ്റര്‍

ദേശീയപാതയോരത്തു നിര്‍മാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയര്‍ത്തി. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. നിലവില്‍ വീടുകള്‍ക്കു ദേശീയപാതയില്‍ നിന്നു മൂന്നുമീറ്ററും വാണിജ്യ നിര്‍മിതികള്‍ക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേര്‍തിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചു.

പുതിയ നിര്‍ദേശ പ്രകാരം ദേശീയപാതയുടെ അതിര്‍ത്തിക്കല്ലില്‍ നിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിര്‍മാണവും അനുവദിക്കില്ല. അഞ്ചുമുതല്‍ ഏഴരവരെ മീറ്റര്‍ ഉപാധികളോടെ അനുമതി നല്‍കും. ഇതിനു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നല്‍കണം. ബന്ധപ്പെട്ട ഭൂമി ഭാവിയില്‍ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടി വന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവില്‍ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഭാഗികമായി പൊളിക്കുന്ന വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാല്‍ തുടര്‍ന്നും ഉപയോഗിക്കാം. ദേശീയപാത 66 ആറുവരിയില്‍ പുനര്‍നിര്‍മിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടര്‍ പ്രവര്‍ത്തനങ്ങളും നടന്നുവരുകയാണ്.

09-Aug-2021