സംസ്ഥാനത്ത് ഇന്നു മുതല്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുന്നു

സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ഓഗസ്റ്റ് 9-31 വരെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും ആശുപത്രികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷ . ഈ മാസം 15നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.

09-Aug-2021