ഹസ്സനെ യുഡിഎഫ് കൺവീനർ ആയി വീണ്ടും നിയമിച്ചതിൽ യുഡിഎഫില്‍ അതൃപ്തി പുകയുന്നു

കേരളത്തില്‍ കെ മുരളീധരനെ ആണ് ഇപ്പോള്‍ കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷൻ ആയി ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിലെ സ്ഥാനമാനങ്ങൾ നോക്കിയാൽ, അത് അത്ര വലിയ പദവി ആണെന്നൊന്നും പറയാൻ ആവില്ല. കെ മുരളീധരനെ സംബന്ധിച്ച് അതൊരു മികച്ച പദവിയല്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തൽ.

കോണ്‍ഗ്രസില്‍ ആരാണ് മുരളീധരന്റെ സ്ഥാനലബ്ധികൾ ഇങ്ങനെ വെട്ടുന്നത്? ഇത്തവണ യുഡിഎഫ് കൺവീനർ ആയി കെ മുരളീധരൻ എത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് മുരളീധരൻ ആ പദവിയോട് താത്പര്യം പ്രകടിപ്പിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാവുകയും ചെയ്തു. പക്ഷെ പതിയെ പതിയെ യുഡിഎഫ് കൺവീൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ നിന്ന് കെ മുരളീധരന്റെ പേര് ഒഴിവാക്കപ്പെട്ടു.

കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ നിന്നുയർന്ന എതിർപ്പുകൾ തന്നെ ആയിരുന്നു ഇതിന് കാരണം എന്നാണ് വിവരം. അങ്ങനെയാണ് മുരളീധരനെ കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്. യഥാർത്ഥത്തിൽ അപമാനിക്കുന്നതിന് തുല്യമാണെന്നും ചിലർ വിലയിരുത്തുന്നു. ഒരിക്കൽ കെ മുരളീധരൻ സ്വയം രാജിവച്ചൊഴിഞ്ഞ പദവി ആണ് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്റേത്. ലോക്‌സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആ പദവി രാജിവയ്ക്കുകയും ചെയ്തു. ഇരട്ടപ്പദവി വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്നത്തെ നീക്കം.

കേരളത്തിൽ നേതൃമാറ്റം വരാനുള്ള സാധ്യതകൾ കൂടി കണ്ടുകൊണ്ടായിരുന്നു അന്ന് മുരളീധരൻ പദവി രാജിവച്ചത്. കെപിസിസി അധ്യക്ഷ പദവിയിൽ അദ്ദേഹത്തിനും ഒരു കണ്ണുണ്ടായിരുന്നു. ഒരിക്കല്‍ കെപിസിസി അധ്യക്ഷ പദവി ലഭിച്ച തനിക്ക് മറ്റെന്ത് സ്ഥാനം കിട്ടിയാലും അത് അതിന്റെ താഴെയാണെന്ന് കൂടി കെ മുരളീധരൻ പറഞ്ഞു.ഇപ്പോഴുള്ള പാർട്ടി സാഹചര്യങ്ങളിൽ തനിക്കുള്ള അസംതൃപ്തി കൂടിയാണ് കെ മുരളീധരൻ വെളിപ്പെടുത്തിയത്.

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് തന്നെ ആയിരുന്നു കെ മുരളീധരനെ പരിഗണിച്ചത്. എന്നാൽ കേരളത്തിലെ പുതിയ നേതൃത്വവും കെസി വേണുഗോപാലും ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നൊക്കെ ആയിരുന്നു പുറത്ത് വന്ന വാർത്തകൾ. കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആയി വന്നാൽ പുതിയൊരു അധികാര കേന്ദ്രം കൂടി സൃഷ്ടിക്കപ്പെടും എന്നതായിരുന്നു ഇവരുടെ ആശങ്ക.

പുന:സംഘടന വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായി വീണ്ടും നിയമിച്ചത്. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനർ ആയി തുടരും. ഹസ്സനെ യുഡിഎഫ് കൺവീനർ ആയി വീണ്ടും നിയമിച്ചതിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ വ്യാപകമായ എതി‍ർപ്പുണ്ട്. എന്നാൽ ​ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണമായും തള്ളാനാകാത്തതും ഒരു കാരണമാണ്. സാമുദായിക സന്തുലനവും ഹസ്സനെ യുഡിഎഫ് കൺവീന‍ർ സ്ഥാനത്ത് നിലനി‍ർത്താനുള്ള കാരണങ്ങളിൽ ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഹസ്സൻ യുഡിഎഫ് കൺവീന‍ർ ആയി ചുമതലയേറ്റത്.

09-Aug-2021