അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കമാണ് ലീഗിലുണ്ടായ പ്രതിസന്ധി: എ വിജയരാഘവൻ

ചന്ദ്രിക ദിനപ്പത്രത്തിലെ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ തർക്കത്തിൽ സിപിഎമ്മിനെ ബന്ധപ്പെടുത്തുന്നത് എന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അധികാരം കിട്ടിയപ്പോഴെല്ലാം അഴിമതിപ്പണം കിട്ടിയ പാർട്ടിയാണത്.

പത്രസമ്മേളനത്തിൽ നിന്ന് മുഈൻ അലി തങ്ങളെ ഇറക്കിവിട്ടത് ജനങ്ങൾ കണ്ടതാണ്. ലീഗ് ഓഫീസിൽ നടന്ന സംഭവം ലീഗുമായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ പരിശോധിക്കാൻ മലപ്പുറത്ത് ലീഗ് ഒരു യോഗം വിളിച്ചുചേർക്കുകയുണ്ടായി. മുസ്ലിം ലീഗിലെ പ്രശ്‌നങ്ങൾ എങ്ങനെ സിപിഎമ്മുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.

കെ ടി ജലീൽ പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ വിശദാംശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രാഷ്ട്രീയ പാർട്ടിയുടെ യോഗം പോലെയല്ല അത് നടന്നത്. കുഞ്ഞാലിക്കുട്ടി നിശബ്ദനാക്കപ്പെട്ടു. ഇതെല്ലാം ജനങ്ങൾ കണ്ടതാണ്. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയും വലിയ അഭിപ്രായ വ്യത്യാസവുമുണ്ട്. അത് ആ പാർട്ടിയുടെ പ്രശ്‌നമാണ്. രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്- അദ്ദേഹം പറഞ്ഞു.അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കമാണ് ലീഗിലുണ്ടായ പ്രതിസന്ധി. അത് രൂക്ഷമാകാൻ പോവുകയാണ്.

വസ്തുത ഇതായിരിക്കേ, സിപിഎമ്മിനും എൽഡിഎഫ് ഗവൺമെന്റിനും നേരെ ആക്ഷേപമുന്നയിച്ച്‌ തടിതപ്പാൻ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടാൻ പോകുന്നില്ല.എൽഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണം എന്ന് പറഞ്ഞാണ് സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വിചിത്രമായ വാദമാണിത്. ലീഗ് ഇപ്പോൾ പറയുന്നത് അവർക്ക് തന്നെ വിശദീകരിക്കാൻ കഴിയാത്ത ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

09-Aug-2021