ഗോത്ര ജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ഗോത്ര ജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. വനാവകാശ നിയമപ്രകാരം സംസ്ഥാനത്താകെ 26600 പേര്‍ക്ക് 35349.29 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കിയിട്ടുണ്ട്. കൂടാതെ 174 സാമൂഹികാവകാശങ്ങളും 503 വികസനാവകാശങ്ങളും നല്‍കിയിട്ടുണ്ട്.

ആരംഭകാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വനാവകാശ സമിതികള്‍ രൂപീകരിക്കുകയും അവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്‍കി വരികയും ചെയ്യുന്നുണ്ട്. സാമൂഹിക അവകാശങ്ങളും ആവാസസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വികസനാവകാശവും യഥാസമയം ലഭ്യമാക്കി കൊണ്ടിരിക്കുന്നു.

വ്യക്തിഗത അവകാശങ്ങള്‍ നല്‍കുവാനായി സബ്‌ ഡിവിഷന്‍ തല കമ്മിറ്റികളും ജില്ലാതല കമ്മിറ്റികളും പാസ്സാക്കിയ 1098 ക്ലെയിമുകളില്‍ കൈവശ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നുവെന്നും നിയമസഭയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടിയായി മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

10-Aug-2021