സർക്കാർ ജീവനക്കാർക്ക് ബോണസും ഉൽസവബത്തയും നല്‍കും: ധനമന്ത്രി

സർക്കാർ ജീവനക്കാർക്ക് ബോണസും ഉൽസവബത്തയും നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്നാൽ, ശമ്പളം മുൻകൂറായി നൽകാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം സാമ്പത്തികമായി കഴിവുള്ളവർ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിശ്ചിത ശമ്പളത്തിന് മുകളിലുളളവർക്ക് ഉത്സവബത്തയും അതിനു താഴെയുളളവർക്ക് ബോണസുമാണ് നൽകുന്നത്.

27,360 രൂപയിൽ താഴെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും അതിനു മുകളിലുള്ളവർക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നൽകിയത്. ഓണം അഡ്വാൻസായി 15,000 രൂപയും കഴിഞ്ഞ തവണ നൽകി. കശുവണ്ടി തൊഴിലാളികൾക്ക് 20ശതമാനം ബോണസും 9500 രൂപ അഡ്വാൻസ് നൽകുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

11-Aug-2021