ഭരണകൂട വേട്ടയാടല്‍ കേവലം ഒരു അബ്ദുന്നാസിര്‍ മദനിയില് മാത്രമൊതുങ്ങുമെന്ന് കരുതരുത്: എംഎ ബേബി
അഡ്മിൻ
ഭരണകൂട വേട്ടയാടല്‍ കേവലം ഒരു അബ്ദുന്നാസിര്‍ മദനിയില് മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടം ഭീകരപ്രവര്‍ത്തനവും കുറ്റവാളിയുമായി മാറിയ വേളയില്‍ നെറികേടിനെതിരെ പോരാടാനുള്ള പൗരന്റെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്.ഇഷ്ടമില്ലാത്തവരെ ജാമ്യമില്ലാതെ ജയിലിലടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ വ്യക്തമായ തെളിവാണ് ഭീമ- കൊറേഗാവ് സംഭവം.കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി ജയിലിലടച്ച ബുദ്ധിജീവികള്‍ക്കും സാംസ്കാരിക നായകര്‍ക്കുമെതിരെ അവരുടെ കമ്ബ്യൂട്ടറുകളില്‍ സൈബര്‍ ഉപകരണങ്ങളിലൂടെ നിക്ഷേപിച്ച കൃത്രിമ തെളിവുകളാണ് ഉപയോഗിച്ചത്. തെളിവുകള്‍ ഭരണകൂടം കൃത്രിമമായി സൃഷ്ടിക്കുന്നതായ അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തല്‍ രാജ്യത്തിനുതന്നെ മാനക്കേടാണ്.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ല. ഇതു ഭരണകൂടം നെയ്തെടുത്ത ഫേബ്രിക്കേറ്റഡ് കേസാണെന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഭാസുരേന്ദ്രബാബു അധ്യക്ഷതവഹിച്ചു.എം.എല്‍.എമാരായ ഡോ.കെ.ടി. ജലീല്‍, പി.ടി.എ. റഹീം, മുന്‍ മന്ത്രിമാരായ ഡോ. നീലലോഹിത ദാസന്, വി. സുരേന്ദ്രന് പിള്ള, സുപ്രീംകോടതി അഭിഭാഷകന് മനോജ് സി. നായര്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, നദീര്‍ കടയറ, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജലീല്‍ പുനലൂര്‍, വിതുര രാജന് എന്നിവര്‍ സംസാരിച്ചു.
13-Aug-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More