കുഞ്ഞാലിക്കുട്ടിക്കുള്ളത് കോടികളുടെ കള്ളപ്പണ നിക്ഷേപം: കെ ടി ജലീൽ

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആവർത്തിച്ച് കെ.ടി ജലീൽ എം.എൽ.എ. ബിനാമി പേരിലാണ് കുഞ്ഞാലിക്കുട്ടി കോടികൾ നിക്ഷേപിച്ചിട്ടുള്ളതെന്നും ബാങ്കിൽ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീൽ ആരോപിച്ചു.

ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇൻസ്ട്രക്ഷൻ വിംഗിന്റെ പരിശോധനയിൽ ഇതിനകം 300 കോടിയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂർത്തിയാക്കുന്നതോടെ 600 കോടിയിലെത്തുമെന്നും ജലീൽ പറഞ്ഞു. ഒരു അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചർ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജലീൽ പറയുന്നു. ആളുകളില്ലാത്ത നിക്ഷേപം മുഴുവൻ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്.

ഇത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണസൂക്ഷിപ്പുകാരൻ. ഹരികുമാർ സ്വയം സൂക്ഷിക്കുന്നത് നന്നാകും. സത്യം പുറത്തുവരുമ്പോൾ അദ്ദേഹത്തെ അപായപ്പെടുത്താനുള്ള നീക്കംവരെ ഉണ്ടായേക്കാം.
എ. ആർ നഗർ തന്റെ കുറേ ആളുകളെവെച്ച് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടുപോകുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമന്നും ജലീൽ അറിയിച്ചു.

13-Aug-2021