പി.എസ്.സി റാങ്ക് പട്ടിക രീതി മാറ്റാൻ സംസ്ഥാന സർക്കാർ
അഡ്മിൻ
പി.എസ്.സി. റാങ്ക് പട്ടികകളില്‍ പ്രതീക്ഷിത ഒഴിവുകളുടെ എണ്ണത്തേക്കാള്‍ വളരെക്കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്ന രീതി മാറ്റുമെന്ന് മുഖ്യമന്ത്രി. ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
ഒഴിവുകളുടെ പല മടങ്ങ് ആളുകളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പലതരം ചൂഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, ഒഴിവുള്ള തസ്തികകള്‍ എന്നീ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നിയമസഭയിൽ എച്ച് സലാമിൻറെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം.
ഇതിനായി ഒഴിവുകൾ യഥാസമയം കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി വരുന്നുണ്ട്.