ഫാത്തിമ തെഹലിയയെയും ഒതുക്കാൻ ലീഗ് നേതൃത്വം ശ്രമം നടത്തി

ഫാത്തിമ തെഹലിയ അടക്കമുളള ഹരിത നേതാക്കളെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നതായി എം.എസ്.എഫ് മലപ്പുറം ജില്ല സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്. ഹരിതയുടെ സംസ്ഥാന നേതൃത്വം പരാതി നൽകിയ മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുൽ വഹാബ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ശബ്ദമാണ് പുറത്തു വന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഫാത്തിമ തെഹലിയയുടെ പേര് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സജീവമായി ചർച്ച ചെയ്തിരുന്നു. എന്നാൽ അന്ന് ഫാത്തിമ തെഹലിയ നടത്തിയ പല ഇടപെടലുകളും മുസ്ലിംലീഗിന് വിഷമമുണ്ടാക്കിയെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. മുസ്ലിം ലീഗിനു മീതെ അഭിപ്രായപ്രകടനം നടത്തുന്ന വനിത വിദ്യാർഥി നേതാക്കൾക്ക് കടിഞ്ഞാൺ ഇടണമെന്ന് ലീഗ് നേതൃത്വം തന്നെ ആവശ്യപ്പെട്ടുവെന്നാണ് ശബ്ദരേഖയിലുളളത്.

അതേസമയം എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെ ഹരിതാ നേതാക്കൾ നൽകിയ പരാതി പിൻവലിക്കുകയാണെങ്കിൽ നവാസിനെതിരെ നടപടിയെടുക്കാമെന്ന് ലീഗ് വാഗ്ദാനം നൽകിയതായാണ് റിപ്പോർട്ട്.

ചില എംഎസ്എഫ് ഭാരവാഹികൾ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്‌നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിൻവലിക്കുകയാണങ്കിൽ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്. പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിൻവലിക്കൽ എന്ന നിലപാടിലാണ് ഹരിത നേതൃത്വം.

എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്.

14-Aug-2021