അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് അമറുള്ള സാലെയും രാജ്യം വിട്ടതായാണ് വാര്‍ത്തകള്‍. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരകൈമാറ്റത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവെക്കുമെന്നുമായിരുന്നു വിവരങ്ങള്‍. ഇതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാനിലില്ലെന്നും എന്നാല്‍ അദ്ദേഹം എവിടേക്കുപോയി എന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് വിവരം. ഒരുപക്ഷേ പാകിസ്ഥാനിലേക്ക് കടന്നിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ ഇനി താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും.
അതിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ നിയന്ത്രണത്തില്‍ വന്നു. നേരത്തെ നഗര അതിര്‍ത്തികളിലായിരുന്നു ഇവര്‍ നിലയുറപ്പിച്ചിരുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജ്യം വിട്ടതോടെ താലിബാന്‍ രാജ്യം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. അതിനിടെ ജനങ്ങള്‍ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് താലിബാന്റെ വാര്‍ത്താക്കുറുപ്പിലുള്ളത്.
അതേ സമയം യു.എന്‍.രക്ഷാ സമിതിയോഗം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തും. താലിബാന്‍ പ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കുകയും തലസ്ഥാനമായ കാബൂള്‍ വളയുകയും ചെയ്തതോടെയാണ് താലിബാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടത്. കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും വെടിയൊച്ച കേള്‍ക്കാം. എന്നാല്‍ നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതിനുശേഷമാണ് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.