താലിബാന്‍ ക്രൂരത തുറന്നുകാട്ടി അഫ്ഗാന്‍ സംവിധായികയുടെ കത്ത്

അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ചും രാജ്യത്തെ പ്രതിസന്ധിയെക്കുറിച്ചും അഫ്ഗാന്‍ ചലച്ചിത്ര നിര്‍മാതാവും സംവിധായികയുമായ സഹ്‌റാ കരിമി എഴുതിയ കത്താണ് ചര്‍ച്ചയാകുന്നത്.

താലിബാന്‍ അഫ്ഗാന്‍ ജനതയുടെ ക്യാംപുകള്‍ കൊള്ളയടിക്കുകയാണെന്നും പിഞ്ചുകുട്ടികള്‍ വരെ പാലുകിട്ടാതെ മരിക്കുന്നുവെന്നും കരിമി തന്റെ കത്തില്‍ എഴുതുന്നു. അഫ്ഗാനില്‍ വലിയ രീതിയില്‍ താലിബാന്‍ ക്രൂരത അരങ്ങേറിയിട്ടും ലോകം നിശബ്ദമായി ഇരിക്കുകയാണ്. താലിബാന്‍ രാജ്യം കീഴടക്കി കഴിഞ്ഞാല്‍ സാംസ്‌കാരികവും കലാപരവുമായി എല്ലാം അവര്‍ നിരോധിക്കുമെന്നും കരിമി തന്റെ കത്തില്‍ പറയുന്നു.

'താലിബാനില്‍ നിന്നും എന്റെ സുന്ദരമായ ജനതയെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയും തകര്‍ന്ന ഹൃദയത്തോടെയുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എല്ലാ പ്രവിശ്യകളും താലിബാന്‍ കയ്യടക്കി കൊണ്ടിരിക്കുകയാണ്. അവര്‍ ഞങ്ങളുടെ ജനതയെ കൂട്ടക്കൊല ചെയ്തു. നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോയി. കുട്ടികളെ അവരുടെ ആളുകള്‍ക്ക് വിവാഹം ചെയ്യുന്നതിനായി വധുക്കളാക്കി വിറ്റു. വസ്ത്രാധാരണത്തിന്റെ പേരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. ഞങ്ങളുടെ പ്രിയങ്കരനായ ഹാസ്യനടനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കവിയെയും അവര്‍ കൊന്നു,' സഹ്‌റാ കരിമി പറഞ്ഞു.

മുമ്പ് അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലിരുന്ന കാലത്ത് ഒറ്റ പെണ്‍കുട്ടി പോലും സ്‌കൂളില്‍ പോയിരുന്നില്ലെന്നും എന്നാല്‍ ആ സ്ഥിതി വിശേഷം മാറിക്കൊണ്ടിരിക്കെയാണ് വീണ്ടും താലിബാന്‍ പിടിമുറുക്കിയിരിക്കുന്നതെന്നും കരിമി പറയുന്നു.

'മുമ്പ് താലിബാന്‍ അധികാരത്തിലിരുന്ന കാലത്ത് ഒറ്റ പെണ്‍കുട്ടി പോലും സ്‌കൂളില്‍ പോയിരുന്നില്ല. ഇപ്പോള്‍ 90 ലക്ഷം പെണ്‍കുട്ടികളാണ് ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നത്. താലിബാന്‍ പിടിച്ചെടുത്ത ഹെറാത്തിലെ സര്‍വ്വകലാശാലയില്‍ 50 ശതമാനത്തോളം പെണ്‍കുട്ടികളായിരുന്നു പഠിച്ചു കൊണ്ടിരുന്നത്. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിരവധി സ്‌കൂളുകള്‍ താലിബാന്‍ തകര്‍ത്തു. ഇതോടെ 2 ദശലക്ഷം പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടു,' കരിമി കൂട്ടിച്ചേര്‍ത്തു.

ഈ ലോകത്തെയും അവരുടെ ഈ നിശബ്ദതയെയും തനിക്ക് മനസിലാകുന്നില്ല. താന്‍ അഫ്ഗാനുവേണ്ടി പോരാടും. പക്ഷെ അത് ഒറ്റയ്ക്ക് സാധിക്കുന്ന ഒന്നല്ല. തങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ക്രൂരതകളെ ലോകത്തിന് മനസിലാക്കി കൊടുക്കുന്നതിനായി ദയവായി സഹായിക്കൂ എന്നും കരിമി പറയുന്നു.

16-Aug-2021