പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് ലീഗിന്റെ അന്ത്യശാസനം

ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിന്‍വലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ ഹരിതയുടെ നേതൃത്വത്തിന് നല്‍കിയ അന്ത്യശാസനം. എംഎസ്എഫ് നേതൃത്വത്തില്‍ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അതിന് മുന്‍പായി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നല്‍കിയ മൊഴിയിലും തന്റെ പരാതിയില്‍ നജ്മ ഉറച്ച് നിന്നു.

16-Aug-2021