കക്ഷിഭേദമന്യേ കൈകോര്‍ത്തുകൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി
അഡ്മിൻ
തിരുവനന്തപുരം : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി. 1996ലെ ചിങ്ങം ഒന്നിനാണ് അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ കേരള മാതൃകയായ ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു ജനകീയ പ്രസ്ഥാനത്തിന് തിരിതെളിച്ചത്. 2021ലെ ചിങ്ങം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് തിരി കൊളുത്തുന്നത്.
നവകേരള കര്‍മ്മപദ്ധതിയ്ക്ക് ജനകീയാസൂത്രണം എന്ന മുദ്രാവാക്യവുമായി രണ്ടാം ഘട്ട വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലേക്ക് കേരളം കടന്ന വേളയിലാണ് രജത ജൂബിലി ആഘോഷം കക്ഷിഭേദമന്യേ കൈകോര്‍ത്തുകൊണ്ട് ഒറ്റക്കെട്ടായി സംഘടിപ്പിക്കുന്നത്.
ആഗസ്ത് 17ന് വൈകുന്നേരം 4.15ന് ഉദ്ഘാടന പരിപാടി ആരംഭിക്കും. 1996ല്‍ സംസ്ഥാനവ്യാപകമായി പര്യടനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിച്ച ജനാധികാര കലാജാഥയിലെ “അധികാരം ജനതയ്ക്ക്” എന്ന സംഗീതശില്പ്പത്തിന്റെ അവതരണത്തോടെയാണ് പരിപാടി തുടങ്ങുക. 1996ല്‍ കലാജാഥയില്‍ പങ്കാളികളായ അതേ കലാകാരന്മാരാണ് രജതജൂബിലി വേളയിലും അരങ്ങിലേക്കെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്ററാണ്. ജനകീയാസൂത്രണ രജതജൂബിലി പുസ്തക പരമ്പരയിലെ പുസ്തകങ്ങളുടെ പ്രകാശനവും തുടര്‍ന്ന് ഉണ്ടാവും. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ചേര്‍ന്നാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുക.
രജതജൂബിലി ആഘോഷ ഉദ്ഘാടന വേദിയിലെ മുഖ്യാതിഥികള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി കെ രാമചന്ദ്രനുമാണ്. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദന്, ശശി തരൂര്‍ എം പി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരായ സി ടി അഹമ്മദലി, കുട്ടി അഹമ്മദ് കുട്ടി, ഡോ. എം കെ മുനീര്‍, കെ സി ജോസഫ്, മഞ്ഞളാംകുഴി അലി, കെ ടി ജലീല്‍, എ സി മൊയ്തീന്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ ഹരികുമാര്‍ സി എന്നിവര്‍ ആശംസകള്‍ നേരും.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഊടുംപാവും നെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേതൃതലത്തില്‍ നിന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപ്രതിനിധികളാണ്. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം അണിനിരക്കുന്നുണ്ട്. സിപിഐ എം ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, ഐ യു എം എല്‍ സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം, എല്‍ ജെ ഡി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ്, ജെ ഡി എസ് പ്രസിഡന്റ് മാത്യു ടി തോമസ്, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കെ ബി ഗണേഷ്കുമാര്, ആര് എസ് പി ലെനിനിസ്റ്റ് പ്രസിഡന്റ് കോവൂര്‍ കുഞ്ഞുമോന്, കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ചെയര്മാന് അനൂപ് ജേക്കബ്ബ്, എന്‍ സി പി അധ്യക്ഷന്‍ പി സി ചാക്കോ, സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍, കേരള കോണ്‍ഗ്രസ് സ്കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി സംസാരിക്കും.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ വികേന്ദ്രികൃതാസൂത്രണത്തിന്റെ ചുമതല വഹിച്ചിരുന്ന അംഗങ്ങള്‍ ഡോ. തോമസ് ഐസക്, സി പി നാരായണന്, കെ എന്‍ ഹരിലാല്‍ എന്നിവരും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ എം ഉഷ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ബി പി മുരളി, കേരള മുനിസിപ്പല്‍ ചെയര്‍മെന്‍ ചേമ്പറിന്റെ ചെയര്മാന് എം കൃഷ്ണദാസ്, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബര്‍ അധ്യക്ഷ കെ ജി രാജേശ്വരി എന്നിവരും ജനകീയാസൂത്രണ്തതിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ ആശംസയുമായി ഉണ്ടാവും.
സംസ്ഥാനത്തിന്റെ കലാ-സാഹിത്യ- സാംസ്കാരിക മേഖലയിലുള്ള പ്രമുഖര്‍ ഉദ്ഘാടന പരിപാടിയില്‍ സൂം ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി പങ്കാളികളാവുന്നുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകുന്നേരം 4.15 മുതല്‍ സംസ്ഥാനതല ഉദ്ഘാടനം ലൈവായി പ്രദര്‍ശിപ്പിക്കും. www.facebook.com/mvgovindan/ എന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും കിലയുടെ www.youtube.com/kilatcr എന്ന യൂടൂബ് ചാനലിലും രജതജൂബിലി ആഘോഷ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാവും.
17-Aug-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ